കാസര്‍ഗോഡ്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാന്യ കെസിഎ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ലീഗ് എ ഡിവിഷന് ഫൈനല്‍ മത്സരത്തില്‍ തളങ്കര ക്രിക്കറ്റ് ക്ലബിനെ 121 റണ്‍സിന് പരാജയപ്പെടുത്തി സ്പോര്‍ട്ടിംഗ് ചട്ടഞ്ചാല്‍ കിരീടം ചൂടി. സ്പോര്‍ട്ടിംഗ് ചട്ടഞ്ചാല്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ചട്ടഞ്ചാലിന് വേണ്ടി പി.എം. അന്‍ഫല്‍ (51 പന്തില്‍ 80 റണ്‍സ്), ആഷിക് അലി (12 പന്തില്‍ 21 റണ്‍സ്) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
തളങ്കരക്കു വേണ്ടി ആശിഷ് മണികണ്ഠന് മൂന്നും അഹമ്മദ് അലി രണ്ടും വിക്കറ്റുകൾ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ തളങ്കര ക്രിക്കറ്റ് ക്ലബ് 13.4 ഓവറില്‍ 54റണ്‍സ് നേടി എല്ലാവരും പുറത്തായി. ചട്ടഞ്ചാലിനു വേണ്ടി ആദര്‍ശ് നാലു വിക്കറ്റും സത്യന്, ആഷിക് അലി എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി പി.എം. അന്‍ഫല്‍ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിസുമായി. ഏഴു മത്സരങ്ങളില്‍ നിന്ന് 217 റണ്‍സ് നേടി സ്പോര്‍ട്ടിംഗ് ചട്ടഞ്ചാലിന്റെ ഇഷ്തിഹാക് ഹുസൈന് മികച്ച ബാറ്ററായും ആദര്‍ശ് ഏഴു മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ നേടി മികച്ച ബൗളറായും തെരഞ്ഞെടുക്കപ്പെട്ടു.
കെസിഎ അപെക്സ് കൗണ്‍സില്‍ മെംബര്‍ തളങ്കര നൗഫല്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഡിസിഎ പ്രസിഡന്റ് കെ.എം. അബ്ദുള്‍ റഹ്മാന്, സെക്രട്ടറി ടി.എം. ഇക്ബാല്‍, ട്രഷറര്‍ സലാം ചെര്‍ക്കള, മുഹമ്മദ് ജാനിഷ്, മഹ്മൂദ് കുഞ്ഞികാനം, ഖലീല്‍ പരവനടുക്കം, സി.എല്‍. ഷാഹിദ്, ഹംസ ഉളിയത്തടുക്ക, ലത്തീഫ് പെര്‍വാഡ് എന്നിവര്‍ പങ്കെടുത്തു.